MULLPPERIYAR…………….OR ……DAM 999

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് സ്ഥാപിക്കാന്‍ തമിഴ്‌നാട് ഉന്നയിക്കുന്ന വാദങ്ങളും അതിനുള്ള കേരളത്തിന്റെ മറുപടിയും.
***********
തമിഴ്‌നാട്: 100 വര്‍ഷത്തിലേറെ പഴക്കമുള്ള 37 അണക്കെട്ടുകള്‍ ഇപ്പോഴും സക്രിയമായി പ്രവര്‍ത്തിക്കവെ, പ്രായമേറിയതെന്ന കാരണം കൊണ്ട് മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ലെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത് ?

കേരളം: നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസ്- 2002 രേഖപ്രകാരം 100 വര്‍ഷത്തിന്മേല്‍ പഴക്കമുള്ള 37 അണക്കെട്ടുകള്‍ രാജ്യത്തുണ്ടെന്നത് ശരിതന്നെ. പക്ഷേ, ഇവയില്‍ 30 എണ്ണവും 20 മീറ്ററോളം മാത്രം ഉയരമുള്ള ചെറിയ മണ്ണണകളാണ്. ഇവയിലെ ശരാശരി ജലസംഭരണശേഷി ഒരു ദശലക്ഷം ഘനയടിയില്‍ താഴെയും. ചെറിയ മണ്ണണ എന്ത് ഭീഷണിയുയര്‍ത്താനാണ് ? അവശേഷിക്കുന്ന ഏഴെണ്ണത്തില്‍ മുല്ലപ്പെരിയാറിന്റെ ഉയരം 53.64 മീറ്ററാണ്; സംഭരണശേഷി 15.66 ദശലക്ഷം ഘനയടിയും. ബാക്കിയുള്ളവയെല്ലാം താരതമ്യേന ചെറുതാണ്. ഒരുപാട് പ്രത്യേകതയുള്ള മുല്ലപ്പെരിയാറിനെ മറ്റ് അണക്കെട്ടുകളുമായി താരതമ്യം ചെയ്യുന്നതുതന്നെ വിഡ്ഢിത്തമാണ്.
****
തമിഴ്‌നാട്: മുല്ലപ്പെരിയാറിന്റെ വര്‍ഗത്തില്‍പ്പെടുന്ന മേസണ്‍റി ഗ്രാവിറ്റി അണക്കെട്ട് ഇതുവരെ തകര്‍ന്നിട്ടില്ല. അതിനാല്‍ മുല്ലപ്പെരിയാറിനെച്ചൊല്ലിയുള്ള കേരളത്തിന്റെ പേടി അസ്ഥാനത്താണ്.
കേരളം: ഇത് സത്യമല്ല, ലോകത്തൊട്ടാകെ പല മേസണ്‍റി ഗ്രാവിറ്റി അണക്കെട്ടുകളും തകര്‍ന്നിട്ടുണ്ട്. 1900-ത്തില്‍ യു.എസ്.എ.യിലെ ഓസ്റ്റിന്‍ ഡാം, 1917-ല്‍ ഇന്ത്യയിലെ ടിഗ്ര ഡാം, 1961-ല്‍ ഇന്ത്യയിലെതന്നെ കടക്‌വാസ്‌ല, 1986-ല്‍ ശ്രീലങ്കയിലെ കണ്ടാലൈ എന്നീ അണക്കെട്ടുകള്‍ തകര്‍ന്നു. ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ് പുറത്തിറക്കിയ ‘കോണ്‍ക്രീറ്റ്, മേസണ്‍റി അണക്കെട്ടുകളുടെ തകര്‍ച്ച: അവലോകനം’ എന്ന രേഖപ്രകാരം ലോകത്തൊട്ടാകെ ഇതുവരെ 21 മേസണ്‍റി ഡാമുകള്‍ തകര്‍ന്നിട്ടുണ്ട്.
1870 മുതല്‍ 1890 വരെയുള്ള കാലത്ത് കമ്മീഷന്‍ ചെയ്ത അണക്കെട്ടുകളാണ് തകര്‍ന്നതിലേറെയുമെന്നും ഈ രേഖ വെളിപ്പെടുത്തുന്നു. (മുല്ലപ്പെരിയാര്‍ കമ്മീഷന്‍ ചെയ്തത് 1895-ലാണെന്ന് ഓര്‍ക്കണം.) മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി, 15 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെ ഉയരമുള്ള അണക്കെട്ടുകളാണ് തകര്‍ന്നതെന്നും ഈ രേഖയില്‍ പറയുന്നുണ്ട്. (മുല്ലപ്പെരിയാറിന്റെ ഉയരം 53.64 മീറ്ററാണ്.)
**
തമിഴ്‌നാട്: ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷി 70 ദശലക്ഷം ഘനയടിയാണ്. ഇനി മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഇടുക്കിക്ക് ആ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയും.
കേരളം: മുല്ലപ്പെരിയാറില്‍ നിന്ന് 36 കിലോമീറ്റര്‍ ദൂരമുണ്ട് ഇടുക്കി അണക്കെട്ടിലേക്ക്. ഈ ദൂരത്തിനിടയില്‍ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ഉപ്പുതറ തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പടെ പെരിയാര്‍ നദീതീരപ്രദേശത്ത് മുക്കാല്‍ ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഇത്രയും ജനങ്ങള്‍ ഒഴുകിപ്പോകും.
വെള്ളം കൂടുതലുള്ള സമയത്താകും അണക്കെട്ട് തകരാന്‍ സാധ്യത. ആ സമയത്ത് ഇടുക്കി റിസര്‍വോയറും പരമാവധി നിറഞ്ഞുകിടക്കുകയാവും. മുല്ലപ്പെരിയാര്‍ വെള്ളം ഇടുക്കി ജലാശയം താങ്ങില്ല. ഇടുക്കി ആര്‍ച്ച് ഡാം ചിലപ്പോള്‍ നിലനിന്നേക്കാം. പക്ഷേ, കുളമാവ്, ചെറുതോണി അണക്കെട്ടുകള്‍ തകരും.
തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ സംഭരണിയിലെ ജലനിരപ്പ് 136-ല്‍ നിന്ന് 142 അടിയായി ഉയര്‍ത്തിയില്ലെങ്കില്‍ വെള്ളം വെറുതേ ഒഴുകി പാഴായിപ്പോകും.
കേരളം: ജലനിരപ്പ് 152 അടിയായി നിജപ്പെടുത്തിയിരുന്ന 1911-’79 കാലത്ത് ശരാശരി 18.14 ദിവസമാണ് പ്രതിവര്‍ഷം മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേയിലൂടെ ഒഴുകിയിട്ടുള്ളത്. 136 അടിയായി ജലനിരപ്പ് നിശ്ചയിച്ച 1980-2005 കാലത്താകട്ടെ, ഇത് പ്രതിവര്‍ഷം 8.62 ദിവസം മാത്രമായിരുന്നു. വെള്ളം തമിഴ്‌നാടിന് കിട്ടാതെ കേരളത്തിലേക്ക് ഒഴുകുന്നത് തുലോം കുറവാണെന്ന് സാരം. മാത്രമല്ല, തമിഴ്‌നാട്ടില്‍ ധാരാളം മഴ കിട്ടി, മുല്ലപ്പെരിയാര്‍ വെള്ളം കൊണ്ടുപോകേണ്ട ആവശ്യമില്ലാത്ത സമയത്താണ് കേരളത്തിലേക്ക് വെള്ളം ഒഴുകിയിട്ടുള്ളതും. ഏറ്റവും രസകരം, ഈ സമയത്തൊക്കെ തമിഴ്‌നാട്ടില്‍, മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന വൈഗൈ അണക്കെട്ട് നിറഞ്ഞ് വെള്ളം ഒഴുകി പാഴാകുകയായിരുന്നു എന്നതാണ്. പെരുമഴക്കാലത്ത് ഇതൊക്കെ എവിടെയും സാധാരണം.
***
തമിഴ്‌നാട്: ജലനിരപ്പ് 136-ല്‍ നിന്ന് 142 അടിയായി ഉയര്‍ത്താത്തത് തമിഴ്‌നാടിന്റെ ജലസേചനത്തിനും കൃഷിക്കും പ്രശ്‌നമുണ്ടാക്കുന്നു.
കേരളം: ഇതും ശരിയല്ല. ജലനിരപ്പ് 136 അടിയായി കുറച്ച ശേഷം, 1980-ലെ പെരിയാര്‍-വൈഗൈ ജലസേചന പദ്ധതിപ്രകാരം 55,962 ഏക്കറോളം ആയക്കെട്ട് പുതിയതായി കൃഷിചെയ്തു. ലോകബാങ്കിന്റെ സഹായത്തോടെയുള്ള പദ്ധതിയായിരുന്നു ഇത്. യഥാര്‍ഥത്തില്‍ വെള്ളത്തിന്റെ ലഭ്യത കുറവായിരുന്നെങ്കില്‍ കൃഷിയുടെ അളവ് കൂടുമായിരുന്നോ ?
**
തമിഴ്‌നാട്:മുല്ലപ്പെരിയാറില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകുന്നത് വെള്ളത്തിന്റെ പാഴാകലാണ്.
കേരളം: തെറ്റായ വാദം. മുല്ലപ്പെരിയാര്‍ സംഭരണിയില്‍നിന്ന് അത്യപൂര്‍വമായി ഒഴുകിവരുന്ന വെള്ളം വലിയ സംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ടിലേക്കാണ് വരുന്നത്. വേനല്‍ക്കാലത്ത് മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതി പ്രദേശങ്ങളില്‍ ഈ വെള്ളംകൂടി പ്രയോജനപ്പെടുത്താനാവും. 1886 മുതല്‍ ഇന്നുവരെ കേരളത്തിനുള്ള വെള്ളത്തിന്റെ ആവശ്യം ആറ് മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. കുടിവെള്ളക്ഷാമം രൂക്ഷമാണിവിടെ. കൃഷിക്കും ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല. ഈ സാഹചര്യത്തില്‍, കേരളത്തിലേക്കൊഴുകുന്ന വെള്ളം പാഴായി കടലില്‍ പോകുകയാണെന്ന് പറയുന്നതില്‍ എന്താണ് യുക്തി ?
തമിഴ്‌നാട്: 140 അടിയോടടുത്ത് വെള്ളമുയര്‍ന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒന്നും പറ്റിയിട്ടില്ല. ഭൂചലനങ്ങള്‍കൊണ്ടും കുഴപ്പമുണ്ടായിട്ടില്ല. അതിനാല്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം പറയുന്നതില്‍ കഴമ്പൊന്നുമില്ല.
കേരളം: വലിയ തീവ്രതയുള്ള ഭൂചലനങ്ങളൊന്നും അണക്കെട്ട് പ്രദേശത്തെ സജീവമായ ഭ്രംശമേഖലയില്‍ ഉണ്ടായിട്ടില്ല. 142 അടി വെള്ളം നിറഞ്ഞുകിടക്കുകയും റിക്ടര്‍ സെ്കയിലില്‍ 6-6.5 തീവ്രതയുള്ള ഭൂചലനമുണ്ടായാല്‍ പഴയ അണക്കെട്ട് തകരുമെന്നതില്‍ സംശയമൊന്നുമില്ല. അങ്ങനെ ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ഭാഗ്യംമാത്രം. അപകടമുണ്ടാകാതെ മുന്‍കരുതലെടുക്കുകയാണ് ഇന്നത്തെ പ്രബുദ്ധസമൂഹം ചെയ്യുന്നത്. ഇതുവരെ അണക്കെട്ടിന് കുഴപ്പമുണ്ടാകാത്തതിനാല്‍ ഇനിയെന്നും അങ്ങനെ തുടര്‍ന്നാല്‍ മതിയെന്നത് അംഗീകരിക്കാനാവില്ല.
തമിഴ്‌നാട്: കേന്ദ്ര ജല കമ്മീഷന്റെയും വിദഗ്ധരുടെയും ഉപദേശപ്രകാരം അണക്കെട്ട് ബലപ്പെടുത്തിയിട്ടുള്ളതാണ്. 142 അടിവരെ ജലനിരപ്പുയര്‍ത്തിയാലും സുരക്ഷയ്ക്ക് പ്രശ്‌നമൊന്നുമില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
കേരളം: ജല കമ്മീഷന്റെ പരിശോധനയിലെ അപാകങ്ങള്‍ കേരളത്തിലെ എന്‍ജിനീയര്‍മാര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഭൂചലനസാധ്യതയുടെ കാര്യത്തില്‍ മൂന്നാം സോണിലാണ് മുല്ലപ്പെരിയാര്‍ പ്രദേശം. പരിശോധന നടത്തുമ്പോള്‍ ഈ സോണിന്റെ മാനദണ്ഡമായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. അവിടെ അതുണ്ടായില്ല.
R.Prakash
Post Box # 46,Mavelikara-690101
Kerala,India.
Mob- +91 99 46 75 71 78 / +91 8907704079

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: